തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയുക്ത കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു. തീരദേശത്തെ ദുരിതബാധിതര്‍ക്കൊപ്പം സമയം ചിലവഴിച്ച രാഹുല്‍ ഗാന്ധി, തന്നാല്‍ കഴിയുന്ന സഹായം ചെയ്യാമെന്ന് ഉറപ്പ് നല്കി. ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ പൂന്തുറയിലെത്തിയത്. ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ വൈകിയതില്‍ രാഹുല്‍ മത്സ്യത്തൊഴിലാളികളോട് ക്ഷമ ചോദിച്ചു.
ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംഭവിച്ച നഷ്ടം ഇല്ലാതാക്കാന്‍ സാധിക്കില്ല. എന്നാല്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. കടലില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. കേന്ദ്രത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക വകുപ്പ് ഉണ്ടാവേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു. തീരദേശവാസികള്‍ കയ്യടികളോടെയാണ് ഈ അഭിപ്രായത്തെ സ്വീകരിച്ചത്. പൂന്തുറയില്‍ നിന്നും വിഴിഞ്ഞത്തേക്കാണ് രാഹുല്‍ പോയത്. വിഴിഞ്ഞത്തെ ദുരിതബാധിതരുടെ പരാതികള്‍ കേട്ടശേഷം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലെ ചിന്നത്തുറയിലേക്ക് പോയി.